2010, നവംബർ 25, വ്യാഴാഴ്‌ച

നെടുങ്കണ്ടം ബ്ളോക്ക് പഞ്ചായത്ത്

ഇടുക്കി ജില്ലയില്‍ ഉടുമ്പന്‍ചോല താലൂക്കിലാണ് നെടുങ്കണ്ടം ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പാമ്പാടുംപാറ, സേനാപതി, കരുണാപുരം, രാജാക്കാട്, നെടുംകണ്ടം, ഉടുമ്പന്‍ചോല, രാജകുമാരി എന്നീ ഏഴു ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് നെടുംകണ്ടം ബ്ളോക്ക് പഞ്ചായത്ത്. പാമ്പാടുംപാറ, ചതുരംഗപാറ, കരുണാപുരം, ബൈസണ്‍വാലി, കൊന്നത്തടി, ഗാന്ധിപാറ, രാജക്കാട്, പാറത്തോട്, ഉടുമ്പന്‍ചോല, രാജകുമാരി, കല്‍ക്കൂന്തല്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന നെടുംകണ്ടം ബ്ളോക്ക് പഞ്ചായത്തിന് 341.9 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും, 13 ഡിവിഷനുകളുമുണ്ട്. വടക്കുഭാഗത്ത് ദേവികുളം ബ്ളോക്കും, കിഴക്കുഭാഗത്ത് തമിഴ്നാട് സംസ്ഥാനവും, തെക്കുഭാഗത്ത് കട്ടപ്പന ബ്ളോക്കും, പടിഞ്ഞാറുഭാഗത്ത് അടിമാലി, ഇടുക്കി ബ്ളോക്കുകളുമാണ് നെടുങ്കണ്ടം ബ്ളോക്ക് പഞ്ചായത്തിന്റെ അതിര്‍ത്തികള്‍. ഭൂപ്രകൃതിയനുസരിച്ച് നെടുങ്കണ്ടം ബ്ളോക്കുപഞ്ചായത്തിനെ ഉയര്‍ന്ന കുന്നിന്‍പ്രദേശങ്ങള്‍, ചെങ്കുത്തായ ചെരിവുകള്‍, ഇടത്തരം ചെരിവുകള്‍, സമതലങ്ങള്‍ എന്നിങ്ങനെ നാലായി തരംതിരിച്ചിരിക്കുന്നു. ചെമന്ന മണ്ണ്, കളിമണ്ണ് എന്നിവയാണ് ഇവിടെ കണ്ടുവരുന്ന പ്രധാന മണ്‍തരങ്ങള്‍. കേരളത്തിന്റെ രണ്ടു പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളായ തേക്കടിയേയും മൂന്നാറിനേയും ബന്ധിപ്പിക്കുന്ന കുമളി-മൂന്നാര്‍ റോഡ് കടന്നു പോകുന്ന നെടുങ്കണ്ടം ബ്ളോക്കിലെ വിവിധ പഞ്ചായത്തുകളും ടൂറിസത്തിന് അനന്തസാധ്യതകളുള്ള പ്രദേശങ്ങളാണ്. സഹ്യപര്‍വ്വതത്തിന്റെ ഭാഗമായ പച്ചപുതച്ച മലനിരകളും വെള്ളച്ചാട്ടങ്ങളും നെടുങ്കണ്ടം, കരുണാപുരം പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന രാമക്കല്‍മേടും ധാരാളം വിനോദസഞ്ചാരികളെ ആകര്‍ഷിച്ചുവരുന്നു. 1981 നവംബര്‍ 29-നാണ് നെടുങ്കണ്ടം വികസന ബ്ളോക്ക് നിലവില്‍ വന്നത്. എ.ഡി 8-ാം നൂറ്റാണ്ടില്‍ ചേരമാന്‍ പെരുമാള്‍ ആഴ്വാര്‍ എന്ന രാജാവിന്റെ അധീനതയിലായിരുന്നു ഈ പ്രദേശമെന്ന് പുരാതന ചരിത്രരേഖകള്‍ സൂചന നല്‍കുന്നു. ചേരമാന്‍ പെരുമാളിന്റെ വംശത്തില്‍പ്പെട്ട ചേരന്‍ ചെങ്കുട്ടുവന്റെ ഭരണസിരാകേന്ദ്രം സ്ഥിതി ചെയ്തിരുന്ന സ്ഥലമാണത്രെ ഇന്നത്തെ രാജക്കാട് എന്നും, രാജകുമാരി എന്നും, സേനാപതി എന്നും പേരുള്ള സ്ഥലങ്ങള്‍. ആദ്യകാലങ്ങളില്‍ മൂന്നാര്‍-കുമളി റോഡു മാത്രമാണ് ഈ പ്രദേശത്ത് ഗതാഗതയോഗ്യമെന്നു പറയാന്‍ ഉണ്ടായിരുന്നത്. പുളിയന്മല-ഉടുമ്പന്‍ചോല-ശാന്തന്‍പാറ സംസ്ഥാനഹൈവേയും ഈ ബ്ളോക്കിലൂടെയാണ് കടന്നുപോകുന്നത്. ഈ ബ്ളോക്ക് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെടുന്ന കാലാവസ്ഥയും വ്യത്യസ്ഥമാണ്. നെടുങ്കണ്ടം, പാമ്പാടുംപാറ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട കിഴക്കന്‍ മേഖലകളില്‍ അനുഭവപ്പെടുന്ന കാലാവസ്ഥയില്‍ നിന്നും വ്യത്യസ്തമാണ് പടിഞ്ഞാറന്‍മേഖലയില്‍ അനുഭവപ്പെടുന്നത്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് ലഭിക്കുന്ന ഇടവപ്പാതിയാണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന കാലം. ഇത് ഏതാണ്ട് ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടു നില്‍ക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ