2010, നവംബർ 25, വ്യാഴാഴ്‌ച

നെടുംകണ്ടം ചരിത്രം

കുടിയേറ്റ കര്‍ഷകരുടെ നാടാണ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്. 1949 മുതല്‍ ഇവിടെ കുടിയേറ്റം തുടങ്ങിയതായി കാണാം. കുറവിലങ്ങാട്, രാമപുരം, അതിരമ്പുഴ, കോതമംഗലം, മറ്റക്കര, പെരുവന്താനം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും വന്നവരായിരുന്നു ആദ്യകാല കുടിയേറ്റക്കാര്‍. മൂന്നാര്‍ ശാന്തമ്പാറയില്‍ എത്തി അവിടെ നിന്നും കാല്‍നടയായി കുമളി വഴി വണ്ടന്‍മേട്ടില്‍ എത്തി അവിടെ നിന്നും കാല്‍നടയായും ആണ് കുടിയേറ്റക്കാര്‍ എത്തിച്ചേര്‍ന്നത്. 1955-ല്‍ പട്ടം കോളനി നിലവില്‍ വന്നതോടെയാണ് ഈ പ്രദേശത്ത് ജനവാസം കൂടിയത്. “ഗ്രോമോര്‍ഫുഡ്” പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പട്ടം കോളനി നിലവില്‍ വന്നത്. തമിഴ്നാട്ടിലെ വനംകൊള്ളക്കാരുടെ കേളീരംഗമായിരുന്നു ഈ പ്രദേശം. 1938-ല്‍ തന്നെ ഈ പഞ്ചായത്തില്‍ ഉള്‍പ്പെട്ട മണപ്പാറ, പൊന്നാമല എന്നീ സ്ഥലങ്ങളില്‍ തിരുവിതാംകൂറിലെ റാണി ലക്ഷ്മീഭായിയുടെ കാലത്ത് നല്കിയ പട്ടയ വസ്തുക്കളില്‍ തമിഴ് വംശജരായ ആള്‍ക്കാര്‍ താമസിച്ചിരുന്നു. 1940 കാലഘട്ടത്തില്‍ തമിഴ്നാട്ടുകാരനായ ആങ്കൂര്‍ റാവുത്തര്‍ ഈ പ്രദേശങ്ങളില്‍ നിന്നും തടി കടത്തികൊണ്ട് പോകുന്നതിനായി കൂപ്പു റോഡുകള്‍ പണിതിരുന്നു. പിന്നീട് വാട്സ് തിരുവിതാംകൂര്‍ ദിവാനായിരുന്ന കാലത്താണ് ഗതാഗതയോഗ്യമായ റോഡ് നിര്‍മ്മിച്ചത്. വാര്‍ത്താവിനിമയ സൌകര്യങ്ങള്‍ ഒന്നും ഇല്ലാതിരുന്ന 1955-60 കാലഘട്ടത്തില്‍ തമിഴ്നാട്ടില്‍ നിന്നും ഈ പഞ്ചായത്തിലെ ഇപ്പോഴത്തെ നാലാം വാര്‍ഡായ പാലാറ്റില്‍ വരെ പാലാര്‍ എസ്റ്റേറ്റ് ഉടമസ്ഥന്‍ ടെലഫോണ്‍ ലൈന്‍ വലിച്ചിരുന്നു. പിന്നീട് കുടിയേറ്റക്കാരുടെ വര്‍ദ്ധിച്ച വരവോടുകൂടി വളരെ പ്രതാപശാലികളായ പാലാര്‍ എസ്റ്റേറ്റ് ഉടമസ്ഥര്‍ ഈ സ്ഥലങ്ങള്‍ തുണ്ടുതുണ്ടുകളായി വില്ക്കുകയും ഈ പ്രദേശത്ത് ജനവാസം ഏറുകയും ചെയ്തു. ജനങ്ങളില്‍ ബഹുഭൂരിപക്ഷവും ചെറുകിട നാമമാത്രകര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമാണ്. കാര്‍ഷിക മേഖലയായ നെടുങ്കണ്ടത്ത് ജലസേചന സൌകര്യം വളരെക്കുറവാണ്. ഏലത്തോട്ടങ്ങളില്‍ പിരമിതമായ ജലസേചന സൌകര്യമാണുള്ളത്. ഇവിടത്തെ കര്‍ഷകരുടെ ഒരു പ്രധാന വരുമാന മാര്‍ഗ്ഗം കന്നുകാലി വളര്‍ത്തലാണ്. പശു, ആട്, എരുമ എന്നിവയെയാണ് കൂടുതലും വളര്‍ത്തുന്നത്. മുയല്‍, പന്നി എന്നിവയെയും അങ്ങിങ്ങായി വളര്‍ത്തുന്നുണ്ട്. സങ്കര ഇനം പശുക്കളാണ് ഏറ്റവും കൂടുതലുള്ളത്. കുടിയേറ്റ പ്രദേശമായ നെടുങ്കണ്ടം പഞ്ചായത്തില്‍ ആദ്യകാലങ്ങളില്‍ കുട്ടികള്‍ക്കു പഠിക്കുവാന്‍ യാതൊരു സൌകര്യങ്ങളും ഉണ്ടായിരുന്നില്ല. ഈ പ്രദേശത്ത് ആദ്യമായി സ്ഥാപിതമായ സ്കൂള്‍ കല്ലാര്‍ ഗവ.എല്‍.പി. സ്കൂളാണ്.  ക്ളാസ്സുകളില്‍ പഠിപ്പിക്കാന്‍ ഒരാളാണ് അന്നുണ്ടായിരുന്നത്. നെടുങ്കണ്ടം ഒരു വൈവിധ്യ സംസ്കാരത്തിന്റെ സംഗമഭൂമിയാണ്. കേരളത്തിന്റെ മറ്റു സ്ഥലങ്ങളില്‍ നിന്നു വന്നവരാണ് മലയാളികള്‍. തമിഴ്നാട്ടുകാരും ഇതില്‍ ഉള്‍പ്പെടുന്നു. എല്ലാവരും പരസ്പരം സഹകരിച്ചുപോകുന്ന രീതിയാണ് പൊതുവെ ഉള്ളത്. ജനങ്ങളില്‍ ബഹുഭൂരിപക്ഷവും ഹിന്ദുക്കളാണ്. അതുകഴിഞ്ഞാല്‍ ക്രിസ്ത്യാനികളും മുസ്ളീങ്ങളുമാണ്. അമ്പലങ്ങളിലും പള്ളികളിലും നടക്കുന്ന ഉത്സവങ്ങളിലും പെരുന്നാളുകളിലും എല്ലാ വിഭാഗങ്ങളും ഭാഗഭാക്കാകാറുണ്ട്. ജാതിക്കും മതത്തിനും അതീതമായി പൊതുപ്രശ്നങ്ങളില്‍ സഹകരിക്കുന്ന ഒരു സംസ്കാരം ഇവിടെയുണ്ട്. ഒരു കുടിയേറ്റ പ്രദേശമായ ഇവിടെ സാംസ്കാരിക സംഘടനകളും പ്രസ്ഥാനങ്ങളും സാമാന്യേന നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ